കൊച്ചി• മദ്യപിച്ചതിന്റെ പേരില്‍ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ച മൂന്നു യുവാക്കളെ സ്റ്റേഷന്‍ ജാമ്യത്തില്‍ വിട്ടയച്ചു. പൊലീസിന്റെ കിരാത നടപടിക്കെതിരെ പ്രതിഷേധം രൂക്ഷമായതോടെയാണ് ഇവരെ വിട്ടയച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, സ്ഥലം എംഎല്‍എ ഹൈബി ഈഡന്‍ തുടങ്ങിയവര്‍ പൊലീസ് നടപടിക്കെതിരെ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. സ്റ്റേഷന്റെ പിന്‍വാതിലിലൂടെയാണ് ഇവരെ പുറത്തുവിട്ടത്. സ്റ്റേഷനുമുന്നില്‍ കാത്തുനിന്നവരുടെ കണ്ണുവെട്ടിക്കാനായിരുന്നു ഈ നീക്കം. മാത്രമല്ല, പൊലീസിനെതിരെ കേസിനു പോകരുതെന്ന് യുവാക്കളെ ഭീഷണിപ്പെടുത്തിയതായും ആരോപണമുണ്ട്.
നേരത്തെ, പൊതുസ്ഥലത്ത് മദ്യപിച്ചുവെന്ന് ആരോപിച്ച് പിടികൂടിയ യുവാക്കളെ അടിവസ്ത്രം മാത്രം ധരിപ്പിച്ച് ലോക്കപ്പിലടച്ചാണ് കൊച്ചി പൊലീസ് പുതിയ വിവാദത്തിന് തിരികൊളുത്തിയത്.
ഇന്നലെ രാത്രി പത്തരയോടെ കൊച്ചുകടവന്ത്രയ്ക്കു സമീപത്തായിരുന്നു സംഭവങ്ങളുടെ തുടക്കം. കാറിലെത്തിയ മൂന്നു യുവാക്കള്‍ മദ്യപിച്ചിരുന്നു എന്ന സംശയത്തില്‍ സൗത്ത് എസ്‌ഐ എ.സി. വിപിന്റെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തി. എന്നാല്‍ കാറോടിച്ചയാള്‍ മദ്യപിച്ചിട്ടില്ല എന്നു വ്യക്തമായി. തുടര്‍ന്നുണ്ടായ വാക്കുതര്‍ക്കത്തിനൊടുവില്‍ മൂവരെയും കസ്റ്റഡിയിലെടുത്ത് സ്റ്റേഷനിലേക്കു കൊണ്ടുപോകുകയായിരുന്നു.
വൈദ്യപരിശോധനയ്ക്കെന്നു പറഞ്ഞാണ് കൊണ്ടുപോയതെങ്കിലും നേരേ സ്റ്റേഷനിലെത്തിച്ച് വസ്ത്രങ്ങളുരിഞ്ഞു ലോക്കപ്പില്‍ അടച്ചു. ജസ്റ്റിസ് നാരായണക്കുറുപ്പ് പരിശോധനയ്ക്ക് എത്തിയതോടെ തിടുക്കത്തില്‍ പൊലീസുകാര്‍ ഇവര്‍ക്ക് വസ്ത്രങ്ങള്‍ തിരികെ നല്‍കുകയും ചെയ്തു. വൈദ്യപരിശോധന നടത്തി നിയമപ്രകാരം മാത്രം നടപടി കൈക്കൊള്ളാന്‍ ജസ്റ്റിസ് നാരായണക്കുറുപ്പ് നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
No comments:
Post a Comment